തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പ്രചരിച്ച നിയമനക്കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് കൈമാറിയില്ല. അന്വേഷണ നടപടികൾ പൂർത്തിയായെന്ന് ക്രൈംബ്രാഞ്ച് അവകാശപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന് റിപ്പോർട്ട് ലഭിച്ചിട്ടില്ല. എത്രയും വേഗം റിപ്പോർട്ട് കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഡി.ജി.പി പറഞ്ഞു.
കേസെടുക്കാനുള്ള ശിപാർശയാകും റിപ്പോർട്ടിലുണ്ടാകുക. സംഭവം ലോക്കൽ പൊലീസും അന്വേഷിച്ചേക്കും. കത്തിന്റെ ഉറവിടവും നിജസ്ഥിതിയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർ തുടർനടപടികൾക്കായി മ്യൂസിയം എസ്.എച്ച്.ഒക്ക് കൈമാറി.പ്രതിപ്പട്ടികയിൽ ആരെയും ചേർക്കാതെ വ്യാജരേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുക്കുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്യാനാണ് സാധ്യത. വിജിലൻസും സമാന റിപ്പോർട്ടാകും കൈമാറുക. കത്തിന്‍റെ ഒറിജിനൽ ഉൾപ്പെടെ കണ്ടെത്താൻ കൂടുതൽ സാവകാശം വിജിലൻസ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
അതിനിടെ, വിജിലൻസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് (ഒന്ന്) എസ്.പി കെ.ഇ. ബൈജുവിനെയാണ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലേക്ക് (അഡ്മിനിസ്ട്രേഷൻ) മാറ്റിയത്. ഐ.പി.എസ് ലഭിച്ചതിനെ തുടർന്നാണ് ബൈജുവിനെ മാറ്റിയതെന്നാണ് വിശദീകരണം. പകരം ഐ.പി.എസ് ലഭിച്ച എസ്.പി. റെജി ജേക്കബിനെയാണ് നിയമിച്ചത്.