മഞ്ഞുകാലം വരാറായി; ഒപ്പം ചുമയും ജലദോഷവും കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ശരീരത്തെ ബാധിക്കും. തണുപ്പുകാലം ശ്വസനസംബന്ധമായ പ്രശ്നങ്ങളുടെയും കാലമാണ്.
പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വരണ്ട ചുമ (dry cough). അലർജി, ആസ്മ, അണുബാധ, ആസിഡ് റിഫ്ലക്സ് തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ചുമ ഉണ്ടാകാം. തൽക്കാലത്തേക്ക് തൊണ്ടയുടെ പ്രശ്നം മാറ്റാൻ പെട്ടെന്ന് കിട്ടുന്ന മരുന്നുകൾ കഴിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ചുമമാറാൻ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചാൽ മതിയാകും. തുടർച്ചയായ ചുമയും തൊണ്ടയിലെ കിരുകിരുപ്പും എല്ലാം മാറ്റുന്ന വീട്ടുമരുന്നുകൾ ഏതൊക്കെ എന്നു നോക്കാം.
ഇഞ്ചിച്ചായ
ചുമ മാറാൻ ആയുർവേദം നിർദേശിക്കുന്ന മികച്ച മരുന്നാണ് ഇഞ്ചി. ആന്റി ഇൻഫ്ലമേറ്ററി ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഇഞ്ചി തൊണ്ടയിലെ പ്രശ്നങ്ങൾ മാറ്റി ചുമയില്‍ നിന്ന് ആശ്വാസം തരും.
ഒരു കഷണം ഇഞ്ചി ചതയ്ക്കുക. കുറച്ചു വെള്ളം പാനിൽ ഒഴിച്ച് തിളപ്പിക്കുക. ചതച്ച ഇഞ്ചി ചേർത്ത് തിളപ്പിക്കുക. കുറച്ചു സമയം കഴിഞ്ഞ് തേയില ചേർക്കുക. ഇഞ്ചിച്ചായ അരിച്ച് എടുത്ത് അതിൽ തേൻ ചേർക്കുക. ചെറു ചൂടോടെ ഇത് കുടിക്കുന്നത് ചുമ മാറാൻ സഹായിക്കും.
വെളുത്തുള്ളി
വരണ്ട ചുമ മാറാൻ മികച്ച ഒന്നാണ് വെളുത്തുള്ളി. പാലിൽ വെളുത്തുള്ളി അല്ലി ചേർത്ത് തിളപ്പിക്കുക. ഇതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ചൂടോടെ കുടിക്കാം. കഫമില്ലാത്ത വരണ്ടചുമ മാറാനും തൊണ്ടയ്ക്ക് ആശ്വാസം ലഭിക്കാനും മികച്ച ഒരു പാനീയം ആണിത്.
തേൻ
തൊണ്ടയിലെ അസ്വസ്ഥതയും ചുമയും മാറാൻ തേൻ വളരെ നല്ലതാണ്. ചായയിലോ ഇളം ചൂടുള്ള നാരങ്ങാവെള്ളത്തിലോ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ടവേദനയിൽ നിന്ന് ആശ്വാസമേകും.
ഇരട്ടിമധുരം
ചുമ, ആസ്മ, തൊണ്ടവേദന ഇവയ്ക്കെല്ലാമുള്ള ആയുർവേദ പരിഹാരമാണ് ഇരട്ടിമധുരം. ഇരട്ടിമധുരം വെള്ളത്തിലിട്ടു തിളപ്പിക്കുക. തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് തൊണ്ടവേദ, ചുമ ഇവയെല്ലാം അകറ്റാൻ സഹായിക്കും.