റിയാദ്: സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ശൈത്യ കാലത്തേക്ക് കടക്കുന്നു. കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സൗദി അറേബ്യയില്‍ ശൈത്യ കാലം ആരംഭിക്കാന്‍ ഇനി 11 ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നാണ് സൗദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി കഴിഞ്ഞ ദിവസം പറഞ്ഞു. അതേസമയം യുഎഇയിലെ റാസല്‍ഖൈമയില്‍ മഴയ്ക്ക് മുന്നോടിയായ പ്രത്യേക തയ്യാറെടുപ്പുകള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു.
സൗദി അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളിലായിരിക്കും ശൈത്യകാലം ആദ്യമെത്തുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണമനുസരിച്ചുള്ള പ്രവചനം. റിയാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ കാലാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ശൈത്യ കാലത്തെ കാലാവസ്ഥാ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിശദമായ പ്രസ്‍താവന പുറത്തിറക്കുമെന്ന് ദേശീല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു.
ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക തുടങ്ങിയ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ തന്നെ മഴയ്ക്കും ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതകളുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, റിയാദ്, ഖസീം, ഹൈല്‍, അല്‍ ജൗഫ്, തബൂക്ക്, മദീന എന്നിവിടങ്ങളില്‍ അന്തരീക്ഷ താപനില ഗണ്യമായി കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
യുഎഇയിലാവട്ടെ മഴയുടെ ആഘാതം ഏറ്റവുമധികം ബാധിക്കുമെന്ന പ്രതീക്ഷിക്കപ്പെടുന്ന സ്ഥലങ്ങളില്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കാന്‍ അരംഭിച്ചിരിക്കുകയാണ് റാസല്‍ഖൈമ പൊലീസ്. കഴിഞ്ഞ ദിവസം റാസല്‍ഖൈമ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫും ദുരന്ത നിവാരണ സമിതിയുടെ തലവനുമായ മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. മഴ ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് മഴക്കാലത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി.