തിരുവനന്തപുരം: പാങ്ങോട് ഗവ: എൽ.പി.സ്കൂളിലെ നവീകരിച്ച പ്രീ-പ്രൈമറി വിഭാഗത്തിന്റേയും പാർക്കിന്റേയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക ചട്ടക്കൂട് വികസിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രീ പ്രൈമറി സ്കൂളിനെയും മാതൃക വിദ്യാലയം ആക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളം വഴിയാണ് എല്ലാ ജില്ലകളിലും മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ സ്ഥാപിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് മാനസികവും ശാരീരികവുമായി ഉല്ലാസം ലഭിക്കുന്ന തരത്തിൽ പന്ത്രണ്ട് ഇടങ്ങളിൽ ക്ലാസ്സ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം നടത്തിയിട്ടുള്ളത്. പാങ്ങോട് ഗവ: എൽ.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മികവോടെ മുന്നേറുകയാണ്. കുട്ടികളുടെ സർവതോൻമുഖമായ വികാസം ലക്ഷ്യമിട്ടു കൊണ്ടാണ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്യാധുനിക പ്രീപ്രൈമറി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനയോഗത്തിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന കെ. എസ്., ഡിപിസി ജവാദ് എസ്., ഡിപിഒ റെനി വർഗീസ്, സൗത്ത് എഇഒ ആർ. ഗോപകുമാർ, സൗത്ത് യുആർസി ബിപിസി ബിജു എസ്. എസ്., പിടിഎ പ്രസിഡന്റ് രാകേഷ് ആർ, പ്രഥമാധ്യാപിക റഫീക്ക ബീവി എം. എന്നിവർ സംസാരിച്ചു.