ന്യൂഡല്‍ഹി : നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപനം വര്‍ധിച്ചാല്‍ 60 പിന്നിട്ടവര്‍, ഗുരുതരരോഗങ്ങളുള്ളവര്‍ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകും. ഒമിക്രോണിനെത്തുടര്‍ന്നുള്ള കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 20 ദിവസത്തിനിടെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി, കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വര്‍ധിക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 15-ന് 5141 സജീവ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ ജനുവരി അഞ്ച് ആയപ്പോള്‍ രോഗികളുടെ എണ്ണം 69,008 ആയി. പശ്ചിമബംഗാളില്‍ 3932-ല്‍നിന്ന് 32,484-ലെത്തി. ഡല്‍ഹിയില്‍ 344-ല്‍നിന്ന് 19,522 ആയി. രോഗികളുടെ എണ്ണത്തോടൊപ്പം രോഗസ്ഥിരീകരണ നിരക്ക് 2.5 ശതമാനത്തിനു മുകളിലുള്ള ജില്ലകളുടെ എണ്ണവും വര്‍ധിക്കുന്നു. പത്തുദിവസത്തിനിടെ 39-ല്‍നിന്ന് 156-ലെത്തി. ജാഗ്രതയിലൂടെമാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മുഖാവരണം ധരിക്കണം. കോവിഡ് പോലെ വായുവിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.