ബെയ്ജിങ് ∙ രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും ചൈനയിൽ പ്രതിദിന കോവിഡ് കേസുകൾ റെക്കോർഡിലെത്തി. ഇതോടെ രാജ്യത്തു ലോക്ഡൗൺ വ്യാപകമാക്കി. 24 മണിക്കൂറിനുള്ളിൽ 31,244 കേസുകളാണു റിപ്പോർട്ട് ചെയ്തത്. 2019ൽ ആദ്യമായി വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്. 2019 ഏപ്രിൽ 13ന് 28,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ കേസുകളിൽ 27,517 പേർക്കും രോഗലക്ഷണങ്ങളില്ല എന്നത് ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നു. മരണം കുറവാണെങ്കിലും നിരക്ക് കൂടിവരുന്നതും ആശങ്ക സൃഷ്ടിക്കുന്നു.
66 ലക്ഷം പേർ താമസിക്കുന്ന ഷെങ്‌ഷോവിലെ 8 ജില്ലകളിലെ ജനങ്ങളോട് അടുത്ത 5 ദിവസത്തേക്ക് ഭക്ഷണത്തിനോ ചികിത്സയ്ക്കോ അല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്തെ പല പ്രവിശ്യകളിലെയും ജനങ്ങളോട് കഴിയുന്നത്ര വീടുകളിൽത്തന്നെ കഴിയാനാണു നിർദേശം. ഷോപ്പിങ് മാളുകളും ഓഫിസുകളും ഏറെയും അടച്ചിട്ടിരിക്കുകയാണ്.