കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു.
തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. നിർണായക തെളിവുകളാണ് ഇന്നലെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തത്. കൊല നടത്തിയ ഷമീറിനെ മാത്രമേ തെളിവെടുക്കാൻ പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയുള്ളൂ. ഷമീറിനെയും ഖാലിദിനെയും കുത്തിക്കൊല്ലാനുപയോഗിച്ച കത്തിയാണ് പ്രധാന തെളിവ്. മൂന്നാം പ്രതി സന്ദീപിന്റെ കമ്പൗണ്ടർ ഷോപ്പിനടുത്തുള്ള വീടിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. വീടിനടുത്തെ കുറ്റിക്കാട്ടിൽ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. വീടിനടുത്ത് നിന്ന് അൽപം മാറി ആളൊഴിഞ്ഞയിടത്ത് നിർത്തിയിട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ. ആയുധവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് സാഹസികമായി പാറായി ബാബുവിനെ കീഴ്പ്പെടുത്തിയത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് തലശ്ശേരിയിലേതെന്നാണ് പൊലീസ് നിഗമനം.












