അഹമ്മദാബാദ്: ഗുജറാത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് നടത്തിയ റാലിക്കിടെ അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായി. 2002 ലെ ഗുജറാത്ത് കലാപത്തെ സൂചിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗമാണ് വിവാദമായത്. നിലവില്‍ മഹുധ സീറ്റ് കോൺഗ്രസിന്‍റെ കൈവശമാണ്.
‘ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കലാപകാരികള്‍ക്ക് സഹായം ലഭിച്ചിരുന്നു. എന്നാല്‍, 2002 ല്‍ അക്രമികളെ പാഠം പഠിപ്പിച്ചു. 2002 മുതല്‍ 2022 വരെ സംസ്ഥാനത്ത് കലാപം ആവര്‍ത്തിച്ചില്ല. ബിജെപി സംസ്ഥാനത്ത് സ്ഥിരമായ സമാധാനം സ്ഥാപിച്ചു’- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. “ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. കോൺഗ്രസ് വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു. സമുദായങ്ങളും ജാതികളും പരസ്പരം പോരടിച്ചു. ഇത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു. 2002-ൽ ഗുജറാത്ത് കലാപത്തിന് സാക്ഷ്യം വഹിച്ചത് കോൺഗ്രസിൽ നിന്ന് ലഭിച്ച ദീർഘകാല പിന്തുണ കാരണം അക്രമികൾ അക്രമത്തിൽ ഏർപ്പെടുന്നത് പതിവാക്കിയതിനാലാ”ണെന്നും അമിത് ഷാ അവകാശപ്പെട്ടു.
എന്നാൽ 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഈ കലാപകാരികള്‍ അക്രമത്തിന്‍റെ പാത വിട്ടു. 2002 മുതൽ 2022 വരെ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അവര്‍ വിട്ടുനിന്നെന്നും ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചുവെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. പ്രസംഗത്തിനിടെ ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമിത് ഷാ നന്ദി പറഞ്ഞു. കോൺഗ്രസിന്‍റെ “വോട്ട് ബാങ്ക്” കാരണമാണ് അവര്‍ അതിനെ എതിർത്തതെന്നും അതിത് ഷാ ആരോപിച്ചു.
നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിലും അമിത് ഷാ 2002 ലെ കലാപത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. “2001 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നു. 2002 ന് ശേഷം എവിടെയും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. എല്ലാവരും സ്ഥലത്തു വീണു. ഇപ്പോൾ ഒരു മാഫിയ ഉണ്ടോ? ഒരു ദാദ (ഗുണ്ടാസംഘം) ഉണ്ടോ?” എന്നായിരുന്നു അന്ന് അമിത് ഷാ ചോദിച്ചത്.
വെള്ളിയാഴ്ച ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയും അമിത് ഷാ 2002-നെ വീണ്ടും പരാമർശിച്ചു. കോൺഗ്രസ് ഭരണകാലത്ത് (ഗുജറാത്തിൽ) വർഗീയ കലാപങ്ങൾ നടന്നില്ലേ? 2002 ൽ നരേന്ദ്രമോദിയുടെ ഭരണകാലത്തും അവർ അതുതന്നെ ചെയ്യാൻ ശ്രമിച്ചു. ഇപ്പോൾ 2022 ആണ്. ആരും തല ഉയർത്താത്ത ഒരു പാഠമാണ് അവരെ പഠിപ്പിച്ചത്. വർഗീയ കലാപങ്ങൾ സംഘടിപ്പിക്കുന്നവർ ഗുജറാത്തിന് പുറത്ത് പോയി. ബിജെപി ഗുജറാത്തിൽ സമാധാനം സ്ഥാപിക്കുകയും കർഫ്യൂ ഇല്ലാത്ത പ്രദേശമാക്കി മാറ്റുകയും ചെയ്തു,” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജലോദിലെ ഗോത്രവർഗക്കാർ അടങ്ങിയ സമ്മേളനത്തിനിടെ പറഞ്ഞു.
ഗണ്യമായി ഉയർന്ന മുസ്ലീം ജനസംഖ്യയുള്ള വഗ്രയിൽ, “ഈ ഭൂമി ഒരുപാട് വർഗീയ കലാപങ്ങൾ കണ്ടിട്ടുണ്ട്. കർഫ്യൂവും കുത്തേറ്റും. അത്തരം സാഹചര്യങ്ങളിൽ വികസനം എങ്ങനെ സംഭവിക്കും? 2002 ൽ, ഈ ആളുകൾ അവസാനമായി ധൈര്യം കാണിച്ചു. അത് അങ്ങനെയല്ലേ? അക്കാലത്ത് അങ്ങനെയൊരു പാഠം പഠിപ്പിച്ചു. അവരെ ഓരോന്നായി തരംതിരിച്ച് ജയിലിലടച്ചു. 22 വർഷമായി, ഒരിക്കൽ പോലും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്. ബിജെപിയുടെ താമര ഗുജറാത്തിനെ വർഗീയ കലാപത്തിന്റെ തീയിൽ നിന്ന് രക്ഷിക്കുകയും വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുകയും ചെയ്തെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ഗുജറാത്തിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ കോൺഗ്രസിന് അവകാശമില്ലെന്ന് അഹമ്മദാബാദ് നഗരത്തിലെ നരോദ നിയോജക മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ ഷാ പറഞ്ഞു.
‘വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്നു. വർഗീയ കലാപങ്ങളിലൂടെ ഗുജറാത്ത് നശിപ്പിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അത് കോൺഗ്രസുകാരാണ്… വർഗീയ കലാപം നടത്താൻ ആർക്കും ധൈര്യമില്ല, ഷാ പറഞ്ഞു. 2002 ലെ നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജാമ്യത്തിൽ കഴിയുന്ന മനോജ് കുക്രാനിയുടെ മകൾ ബി.ജെ.പി സ്ഥാനാർത്ഥി പായൽ കുക്രാനിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അമിത് ഷായെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2002-ൽ, ഗോധ്രയിൽ അയോധ്യാ കർസേവകർ സഞ്ചരിക്കുകയായിരുന്ന സബർമതി എക്സ്പ്രസ് കോച്ച് കത്തിച്ചതിനെ തുടർന്നുണ്ടാണ് ഗുജറാത്തില്‍ വർഗീയ കലാപം സൃഷ്ടിക്കപ്പെട്ടത്. പിന്നാലെ ദിവസങ്ങളോളം നീണ്ടുനിന്ന വര്‍ഗ്ഗീയ കലാപത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഗോധ്രയില്‍ തീവണ്ടി കത്തിയമര്‍ന്നതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ കലാപത്തില്‍ 1,044 പേര്‍ കൊല്ലപ്പെട്ടു. 233 പേരെ കാണാതായി. 2,500 പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് ഔദ്ധ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ ഇതിലും ഇരട്ടിയാണെന്ന് പല മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പറയുന്നു.