തിരുവനന്തപുരം : സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിൻസിപ്പൽ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവർഷം മുതലാണ്. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദർ കമ്മിറ്റി. ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം എന്ന ശുപാർശയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നത്. ഇത് നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ. സ്കൂളുകളിലെ അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ പുനർനിർണയിക്കാനും തീരുമാനമായി. അനധ്യാപകരുടെ ശമ്പളവും അലവൻസും വർധിപ്പിക്കും. തീരുമാനം വിദ്യാഭ്യാസ ഓഫീസുകളിൽ ഉള്ളവർക്കും ബാധകമാണ്. കരട് നിർദേശം സർക്കാർ തയാറാക്കും.
അതേസമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ അധ്യാപക സംഘടനാ പ്രതിനിധികൾ ഇതിനെ ശക്തമായി എതിർത്തു. ഖാദർ കമ്മറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പുറത്തു വരുന്നതിനു മുൻപ് റിപ്പോർട്ട് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അധ്യാപക സംഘടനകൾ ശക്തമായ നിലപാടെടുത്തു. സമ്പൂർണ റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പുള്ള ചർച്ചകൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഖാദർ കമ്മറ്റി റിപ്പോർട്ട് ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം കൂടി ലഭ്യമായ ശേഷം മാത്രമേ റിപ്പോർട്ട് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകു.
സമ്പൂർണ റിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ കൂടിയാലോചനകൾ നടത്തണം. ഇക്കാര്യത്തിൽ മുഴുവൻ അധ്യാപക സംഘടനകളുടെയും അഭിപ്രായം ആരായണം. എന്നിട്ട് മാത്രമേ റിപ്പോർട്ട് നടപ്പാക്കാൻ പാടുള്ളൂവെന്നും അധ്യാപകസംഘടനകൾ വിദ്യാഭ്യാസ മന്ത്രിയോട് വ്യക്തമാക്കി.