മലപ്പുറം: ലോകകപ്പ് ഫുട്ബാൾ താരാരാധനയുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. ആരെങ്കിലും പറയുന്നതിന് സമുദായം മറുപടി പറയേണ്ട കാര്യമില്ലെന്ന് നാസർ ഫൈസിയുടെ പേര് പരാമർശിക്കാതെ മുനീർ പറഞ്ഞു.
ഒരാളുടെ ഇംഗിതത്തിനനുസരിച്ച് എന്തെങ്കിലും പറഞ്ഞാൽ അതിൽ മുസ്ലിം ലീഗിന്‍റെയും മുസ്ലിം സമുദായത്തിന്‍റെയും സമസ്തയുടെയും അഭിപ്രായമെന്താണെന്ന് ചോദിച്ചുള്ള അന്തിച്ചർച്ചകൾ ഗുണകരമല്ല. ഇതൊന്നും ഞങ്ങളുടെ മേൽ കെട്ടിവെക്കേണ്ട കാര്യമില്ലെന്നും മുനീർ പറഞ്ഞു. കോളജ് യൂനിയന്‍ വിജയികൾക്ക് എം.എസ്.എഫ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് സമസ്തയുടെ നിലപാട് -പി.എം.എ. സലാം
മലപ്പുറം: ലോകകപ്പ് ഫുട്ബാൾ ആവേശം അതിരുകവിയുന്നതിനെതിരെ സമസ്ത നടത്തിയ പരാമർശങ്ങൾ അവരുടെ നിലപാടാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടാറില്ല. ഫുട്ബാൾ ഒരു രാഷ്ട്രീയവിഷയമല്ലാത്തതിനാൽ അക്കാര്യത്തിൽ ലീഗിന് നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.