ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മുമ്പായി പ്രത്യേക കമ്മറ്റികള്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അല്‍രിഹാബ് ഡിസ്ട്രിക്ടിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രത്തില്‍ വെച്ചാണ് നാശനഷ്ടങ്ങള്‍ ഉണ്ടായവരില്‍ നിന്ന് നഷ്ടപരിഹാത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്.
അപേക്ഷകളും ഇതുമായി ബന്ധപ്പെട്ട രേഖകളും ഓണ്‍ലൈനായി നല്‍കാനുള്ള സൗകര്യവും സിവില്‍ ഡിഫന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ നേരിട്ട് പരിശോധിച്ച് നഷ്ടപരിഹാര തുക കണക്കാക്കുന്നതിനായി അപേക്ഷകള്‍ പിന്നീട് ഫീല്‍ഡ് കമ്മറ്റികള്‍ക്ക് കൈമാറും. ഫീല്‍ഡ് കമ്മറ്റികള്‍ നേരിട്ട് പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരതുക വിതരണത്തിന് നടപടികള്‍ സ്വീകരിക്കുക. നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററിന് അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. പ്രകൃതി ദുരന്തങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കുള്ള കവറേജ് കൂടി ഉള്‍പ്പെടുന്ന സമഗ്ര ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി വഴി നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.