ദില്ലി: പി എഫ് ഐ മുൻ അധ്യക്ഷൻ ഇ അബൂബക്കറിൻ്റെ ഇടക്കാല ജാമ്യഹർജിയിൽ ഇടപെടലുമായി ദില്ലി ഹൈക്കോടതി. അടിയന്തരമായി അബൂബക്കറിൻ്റെ ആരോഗ്യ റിപ്പോർട്ട് സമർപ്പിക്കാൻ ദില്ലി ഹൈക്കോടതി നിർദ്ദേശം നൽകി. എന്തുതരം ചികിത്സയാണ് നൽകേണ്ടത്, നിലവിലെ അബൂബക്കറിന്‍റെ ആരോഗ്യസാഹചര്യം തുടങ്ങിയവയാണ് കോടതി ആരാഞ്ഞത്. എൻ ഐ എയ്ക്കും എംയിസിനുമാണ് ഇതുസംബന്ധിച്ച് കോടതി നിർദ്ദേശം നല്‍കിയത്.
വാദത്തിനിടെ ഒരു സ്കാനിംഗിന് അബൂബക്കർ 2024 വരെ കാത്തിരിക്കണോ എന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. കുറ്റാരോപിതൻ മാത്രമാണ് അബൂബക്കര്‍. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. അതിനാൽ ചികിത്സ സംബന്ധിച്ചുള്ള അപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യത്തിനൊപ്പം എംയിസിൽ ചികിത്സയും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി അടുത്ത മാസം പതിനാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.