അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള ഒരു അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുകയാണ്. എന്തിനാണ് എന്നല്ലേ? അവരുടെ 10 വയസ് മാത്രമുള്ള മകന് ഒരു പെർമനന്റ് ടാറ്റൂ ചെയ്യാൻ അനുമതി നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
33 -കാരിയായ ക്രിസ്റ്റൽ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അവളുടെ മകന്റെ ദേഹത്ത് പേര് ടാറ്റൂ ചെയ്യാൻ അവർ അനുവദിച്ചു എന്നതാണ് കുറ്റം. ഹൈലാൻഡിലെ ഒരു നഗരത്തിൽ വച്ചാണ് കുട്ടിക്ക് ടാറ്റൂ ചെയ്തിരിക്കുന്നത്.
ക്രിസ്റ്റൽ, കുട്ടിയുടെ ക്ഷേമത്തിൽ അശ്രദ്ധ കാണിച്ചു എന്നും കുട്ടിയുടെ ശരീരത്തിൽ പെർമനന്റായി ടാറ്റൂ ചെയ്യാൻ അനുവദിച്ചു എന്നും പൊലീസ് ആരോപിക്കുന്നു. അമ്മയെ അറസ്റ്റ് ചെയ്തത് പോലെ തന്നെ ഇപ്പോൾ പൊലീസ് കുട്ടിക്ക് ടാറ്റൂ ചെയ്ത് നൽകിയ ആർട്ടിസ്റ്റിനെയും അന്വേഷിച്ച് നടക്കുകയാണ്. അയാളെ കിട്ടിയാൽ അയാളെയും പൊലീസ് അറസ്റ്റ് ചെയ്യും.
ആഴ്ചകളായി ക്രിസ്റ്റലും മക്കളും താമസിക്കുന്ന ഹോട്ടലിലെ അടുത്ത മുറിയിൽ താമസിക്കുന്ന ആളാണ് കുട്ടിക്ക് ടാറ്റൂ ചെയ്തത് എന്ന് ലോയ്ഡ് പൊലീസ് മേധാവി ജെയിംസ് ജാൻസോ പറഞ്ഞു. ടാറ്റൂ ചെയ്യുന്ന സമയത്ത് അമ്മയും കുട്ടിക്കും ആർട്ടിസ്റ്റിനും ഒപ്പമുണ്ടായിരുന്നു എന്നും പൊലീസ് ആരോപിക്കുന്നു.
10 വയസുകാരനായ കുട്ടി സ്കൂളിലെത്തി സ്കൂൾ നഴ്‍സിനോട് ടാറ്റൂവിൽ പുരട്ടാൻ വാസലിൻ ചോദിച്ചതോടെയാണ് കുട്ടിക്ക് ടാറ്റൂ ചെയ്ത വിവരം പുറത്തറിയുന്നത്. പിന്നാലെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസ് ഈ 10 വയസുകാരനേയും മറ്റൊരു കുട്ടിയേയും അമ്മയായ ക്രിസ്റ്റലിൽ നിന്നും മാറ്റി എന്നും റിപ്പോർട്ടുകൾ പറയുന്നു.
ന്യൂയോർക്കിലെ നിയമം അനുസരിച്ച് 18 വയസിൽ താഴെ ഉള്ളവർക്ക് മാതാപിതാക്കളുടെ അനുമതിയോട് കൂടിയാണ് എങ്കിൽ പോലും ടാറ്റൂ ചെയ്യാൻ അനുവാദമില്ല. അത് അവിടെ കുറ്റമാണ്.