മാനന്തവാടി: വയനാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് വിലസി നടന്ന അമ്പത്തിനാലുകാരനെ ഒടുവില്‍ പൊലീസ് കാപ്പ ചുമത്തി അഴിക്കുള്ളിലാക്കി. കൊലപാതകം, പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വാളേരി പുതുപറമ്പില്‍ റഹീം (54) നെയാണ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
മാനന്തവാടിക്ക് അടുത്ത എടവകയിലെ ഗര്‍ഭസ്ഥ ശിശുവിനേയും, മാതാവിനേയും വിഷം നല്‍കി കൊലപ്പെടുത്തിയത്, മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ മാത്രം ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എടവകയിലെ കൊലപാതകത്തിന് ശേഷം ഏഴ് മാസത്തോളം ജയിലിലായിരുന്ന റഹീം ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷവും ക്രിമിനല്‍ കേസുകളില്‍ പ്രതിയായതോടെയാണ് പൊലീസ് കര്‍ശന നടപടിയെടുത്തത്. മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ അടിപിടിക്കേസില്‍ പ്രതിയായതോടെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.