ലഖ്നോ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം. വീട്ടുകാരുടെ അനാസ്ഥയാണ് കുട്ടിയെ മരണത്തിലേക്കെത്തിച്ചത്. പെൺകുട്ടി സമീപത്തെ പലചരക്ക് കടയിലേക്ക് പോകുമ്പോഴായിരുന്നു നായ്ക്കൾ ആക്രമിച്ചത്.
വീട്ടിൽ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളെ കുട്ടി വിവരം അറിയിച്ചെങ്കിലും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നില്ല. ആൻറി റാബിസ് വാക്സിനും (എ.ആർ.വി) നൽകിയില്ല. 15 ദിവസത്തിന് ശേഷം ആരോഗ്യനില വഷളാകാൻ തുടങ്ങിയപ്പോഴാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാക്സിനെടുക്കാൻ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് കുട്ടിയുടെ നില വഷളായപ്പോൾ ആഗ്രയിലെ എസ്.എൻ മെഡിക്കൽ കോളജിലേക്കും കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. അതേസമയം നായ, പൂച്ച, കുരങ്ങ് എന്നിവയുടെ കടിയേറ്റാൽ, ഉടൻ തന്നെ ആൻറി റാബിസ് വാക്സിൻ നൽകേണ്ടത് പ്രധാനമാണെന്നും ബാഹ് സി.എച്ച്.സി സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാർ പറഞ്ഞു.