വീടിൻറെ ടെറസിൽ വിശ്രമിക്കുകയായിരുന്നു സ്ത്രീയുടെ ദേഹത്ത് ആകാശത്തുനിന്ന് കറുത്ത കല്ല് പതിച്ചു. ജൂലൈ 6-ന് ഫ്രാൻസിൽ ആണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഹൃത്തിനോടൊപ്പം ടെറസിലിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്ത്രീയുടെ ദേഹത്തേക്ക് കറുത്ത കല്ല് വന്ന് പതിച്ചത്. ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സംഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നത് ഇങ്ങനെയാണ്, സുഹൃത്തിനോടൊപ്പം ടെറസിൽ ഇരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണത്രേ അന്തരീക്ഷത്തിൽനിന്ന് ഉഗ്രമായ സ്ഫോടന ശബ്ദം കേട്ടത്. എന്താണ് സംഭവിക്കുന്നത് എന്ന് തങ്ങൾക്ക് മനസ്സിലായില്ലെന്നും എവിടെ നിന്നാണ് ശബ്ദം കേൾക്കുന്നത് എന്ന് മനസ്സിലാകാതെ അമ്പരന്നു പോയെന്നുമാണ് അവർ പറയുന്നത്. പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് എന്തോ വന്ന് പതിച്ചെന്നും ശരീരത്തിന് കഠിനമായ വേദന അനുഭവപ്പെട്ടു എന്നും ഇവർ പറയുന്നു.
പക്ഷേ എന്താണ് വന്ന് വീണത് എന്ന് ആദ്യം തങ്ങൾക്ക് മനസ്സിലായില്ല എന്നും തുടർന്ന് ചുറ്റുപാടും പരിശോധിച്ചപ്പോഴാണ് കറുത്ത നിറമുള്ള ഉള്ള ഒരു കല്ല് തങ്ങൾ നിന്നതിനു സമീപത്തായി കിടക്കുന്നത് കണ്ടതെന്നും ഇവർ പറയുന്നു. കല്ല് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ്, അത് ഒരു സാധാരണ കല്ലോ കോൺക്രീറ്റ് കട്ടയോ അല്ല എന്ന് മനസ്സിലായതെന്നും അവർ ന്യൂസ് വീക്കിനോട് പറഞ്ഞു. ഒരു ഉൽക്കാശിലയോട് സാമ്യമുള്ള കട്ടിയുള്ളതും തിളങ്ങുന്നതുമായ ഒരു പാറയാണ് അതെന്നാണ് സ്ത്രീയുടെ വാദം.
ഉൽക്കാശിലയായിരിക്കുമെന്ന ഊഹാപോഹങ്ങൾ വർദ്ധിച്ചതോടെ, അതിന്റെ ഉത്ഭവം പരിശോധിക്കാൻ താൻ ഒരു ജിയോളജിസ്റ്റിന്റെ സഹായം തേടിയതായും അവർ പറയുന്നു. ഒടുവിൽ കല്ല് പരിശോധിക്കാൻ എത്തിയ ഭൗമ ശാസ്ത്രജ്ഞനായ തിയറി റെബ്മാൻ നിഗൂഢമായ പാറ യഥാർത്ഥത്തിൽ ഒരു ഉൽക്കാശിലയാണെന്നും ഒരു സാധാരണ കറുത്ത കല്ലല്ലെന്നും സ്ഥിരീകരിച്ചു. ബഹിരാകാശത്തിന്റെ ആഴത്തിൽ നിന്ന് ഭൂമിയുമായി നേരിട്ട് കൂട്ടിയിടിച്ചതിനാൽ ഈ പ്രത്യേക ഉൽക്കാശില സവിശേഷമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഉൽക്കാശിലകൾ ഭൂമിയിലേക്ക് പതിക്കുന്നത് തികച്ചും അപൂർവമായ ഒരു സംഭവമല്ലെങ്കിലും ഒരു മനുഷ്യനുമായി കൂട്ടിയിടിക്കുന്നത് അസാധാരണമായ ഒരു സംഭവമാണെന്നും റെബ്മാൻ വിശദീകരിച്ചു.