കണ്ണൂർ: സർക്കാറിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച് സി.പി.എം ജില്ല കമ്മിറ്റി യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ആരംഭിച്ച സി.പി.എം ജില്ല കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമർശനമുയർന്നത്. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിൽനിന്ന് സംസ്ഥാന കമ്മിറ്റിക്കെതിരെ നിശിത വിമർശനമുണ്ടാകാറുള്ളത് പതിവില്ലാത്തതാണ്. സർക്കാർ പൊതുസമൂഹത്തിൽനിന്ന് അകന്നെന്ന് മുതിർന്ന നേതാക്കൾ ജില്ല കമ്മിറ്റിയിൽ വിമർശിച്ചു.
സെക്രട്ടേറിയറ്റ് അംഗങ്ങളും മണ്ഡലം ചുമതല വഹിച്ചിരുന്നവരും മുതിർന്ന നേതാക്കളുമാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും ജില്ല സെക്രട്ടറി എം.വി. ജയരാജൻ ജില്ല കമ്മിറ്റി റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
തുടർന്നാണ് ചർച്ച തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നേതാക്കളുടെയും ശൈലി മാറ്റം അനിവാര്യമാണെന്ന് ഏകസ്വരത്തിൽ അഭിപ്രായമുയർന്നു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോയ നവകേരള സദസ്സ് കൊണ്ട് എന്തുനേട്ടമാണ് ഉണ്ടാക്കിയതെന്നും യോഗത്തിൽ വിമർശനമുയർന്നു. സർക്കാറിന് ഏത് കാര്യത്തിലാണ് മുൻഗണന നൽകേണ്ടത് എന്നതിൽ നിശ്ചയവുമില്ലെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.