അടൂര്‍: അടൂര്‍ ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്ക വഴിപാടിനിടെ പത്തടിയിലധികം ഉയരത്തിൽനിന്ന് കുഞ്ഞ് താഴെ വീണ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കക്കാരന്റെ കൈയില്‍ നിന്നും വീണത്. അപകടത്തില്‍ കുഞ്ഞിന്റെ ഒരു കൈയ്ക്ക് ഒടിവുണ്ട്.
വിഷയത്തില്‍ ജില്ല ശിശുസംരക്ഷണ സമിതിയോടാണ് ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടിയത്. അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കി. രക്ഷിതാക്കളടക്കം ആരും പരാതി നൽകിയിട്ടില്ല. വാർത്തകൾ പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമീഷന്‍ ഇടപെട്ടത്.
അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായ പരിക്കുകളൊന്നും കുഞ്ഞിന് ഇല്ലെന്നും സി.ടി സ്കാൻ ഫലം തൃപ്തികരമാണെന്നും എം.ആർ.ഐ ഫലം പുറത്തുവരാനുണ്ടെന്നും അവർ അറിയിച്ചു.
ഏഴംകുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ടസന്താനലബ്ദ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്കവഴിപാട് നടത്തുന്നതെന്ന് പറയുന്നു.