ന്യൂഡൽഹി: ലോക്സഭ സ്പീക്കർ സ്ഥാനം ബി.ജെ.പിക്ക് നൽകുന്നത് അപകടമാണെന്ന് ആം ആദ്മി പാർട്ടി. എൻ.ഡി.എ സഖ്യത്തിൽ കൂടുതൽ സീറ്റുകളുള്ള രണ്ടാമത്തെ പാർട്ടിയായ ടി.ഡി.പി സ്പീക്കർ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എ.എ.പിയുടെ അഭിപ്രായം. ബി.ജെ.പിക്ക് സ്പീക്കർ സ്ഥാനം ലഭിച്ചാൽ കുതിരക്കച്ചവടത്തിനും ഭരണഘടന വ്യവസ്ഥകളുടെ ലംഘനത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
“രാജ്യത്തെ പാർലമെന്‍ററി ചരിത്രത്തിൽ മുമ്പ് ഒരിക്കലും 150-ലധികം എം.പിമാരെ സസ്പെൻഡ് ചെയ്ത സംഭവം ഉണ്ടായിട്ടില്ല. അത് ചെയ്തത് ബി.ജെ.പിയാണ്. സ്പീക്കർ ബി.ജെ.പിയിൽ നിന്നാണെങ്കിൽ, ഭരണഘടന ലംഘിച്ച് ഏകപക്ഷീയമായ രീതിയിൽ ബില്ലുകൾ പാസാക്കാൻ അവർക്ക് കഴിയും. ടി.ഡി.പി, ജെ.ഡി.യു, മറ്റ് ചെറുപാർട്ടികൾ തകർക്കപ്പെടുകയും ബി.ജെ.പിയിൽ ചേരാൻ നിർബന്ധിതരാവുകയും ചെയ്യും. ബി.ജെ.പിക്ക് അങ്ങനെയൊരു ചരിത്രമുണ്ട് -സഞ്ജയ് സിങ് പറഞ്ഞു.
സ്പീക്കർ സ്ഥാനം ബി.ജെ.പിയിൽ തുടരുകയാണെങ്കിൽ ശബ്ദമുയർത്തുന്ന എം.പിമാരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് താനും തന്‍റെ പാർട്ടിയും വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്പീക്കർ ടി.ഡി.പിയിൽ നിന്നാണെങ്കിൽ മറ്റു പാർട്ടികളെ തകർക്കുമെന്ന ഭീഷണി ഇല്ലാതാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്പീക്കറുടെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തീരുമാനത്തിനായി ഇൻഡ്യ സഖ്യം കാത്തിരിക്കുന്നു. ബി.ജെ.പി സ്പീക്കർ സ്ഥാനം നിലനിർത്തിയാൽ അവരുടെ നീക്കങ്ങളെക്കുറിച്ച് സഖ്യം ചർച്ച ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.