തിരുവനന്തപുരം: കേരളത്തിൽ നേരിട്ട് ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്നതിനാൽ നന്ദിനി പാൽ നേരിട്ട് വിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും.
കേരളത്തിൽ ‘നന്ദിനി’ പാൽ നേരിട്ട് വിൽക്കുന്നത് സഹകരണ തത്വങ്ങൾക്ക് എതിരാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ നിലവിൽ വിവിധ ഔട്ട്‍ലെറ്റുകൾ വഴി വിൽക്കുന്നുണ്ടെന്നും എന്നാൽ ‘നന്ദിനി’ പാലിന്റെ നേരിട്ടുള്ള വിൽപന കേരളത്തിലെ ക്ഷീരകർഷകരെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു ലിറ്റർ പാൽ 50-60 രൂപക്കുള്ളിലാണ് വിൽക്കുന്നത്. അതേസമയം കർണാടയിൽ 39 -40 രൂപക്കുള്ളിലാണ് വില. കർണാടകയിൽ നിന്ന് പാൽ ഇങ്ങോട്ടെത്തിയാൽ വളരെ വിലകുറച്ച് നൽകാനാകും. അത് മിൽമയുടെ പ്രചാരമിടിക്കുകയും കേരളത്തിലെ ക്ഷീര കർഷർക്ക് വലിയതിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.