ലഖ്നോ: ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. പൂജ നടത്താമെന്ന വാരണാസി ജില്ല കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ആരാധനയുടെ കാര്യത്തിൽ നിലവിലുള്ള സ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു.
മുസ്‍ലിംകൾക്ക് മസ്ജിദിന്റെ വടക്കുവശത്തുകൂടെ നമസ്കാരത്തിനായി പ്രവേശിക്കുന്നതിന് തടസ്സമില്ലെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാർക്ക് പൂജ നടത്താനായി തെക്കുവശത്തുകൂടെ നിലവറയിലെത്താമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ജനുവരി 17, 31 തീയതികളിൽ വന്ന ഉത്തരവുകൾക്ക് ശേഷം മുസ്‍ലിം സമൂഹം തടസമില്ലാതെ നമസ്കാരം നടത്തുകയും ഹിന്ദു പുരോഹിതരുടെ പൂജ തെഹ്ഖാനയിൽ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചത്.
മസ്ജിദിന്റെ തെക്കൻ നിലവറയിലെ വിഗ്രഹങ്ങൾക്ക് മുന്നിൽ പൂജ നടത്താമെന്ന് ജനുവരി 31നാണ് ജില്ല കോടതി വിധിച്ചത്. പൂജക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പൂജ നടത്തുന്നതിന് അനുമതി നൽകിയതിനെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ അടുത്ത വാദം കേൾക്കാനായി ജൂലൈയിലേക്ക് മാറ്റി.