തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വനം,റവന്യൂ,നിയമമന്ത്രിമാർ പങ്കെടുക്കും. ഭൂമി പതിവ് ചട്ടപ്രകാരം ഇടുക്കിയിൽ പട്ടയം നൽകിയ ഭൂമി നിലവിൽ താമസത്തിനും കാർഷികാവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കാൻ അനുമതി. മറ്റാവശ്യങ്ങൾക്ക് കെട്ടിടം പണിയാൻ അനുമതി നൽകണമെന്ന് ഏറെ നാളായി ജില്ലയിലെ വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. നിരവധി പേർക്ക് ഇനിയും പട്ടയം കിട്ടാനുമുണ്ട്. ഈ ആവശ്യങ്ങളാകും ഇന്നത്തെ യോഗം ചർച്ച ചെയ്യുക.
അതേസമയം ബഫർ സോൺ പ്രശ്നത്തിൽ ലഭിച്ച പരാതികളിൽ പകുതി പോലും പരിഹരിക്കാനായില്ലെന്നു റിപ്പോർട്ട്. ഇതു വരെ തീർപ്പാക്കിയത് 45.64 % പരാതികൾ മാത്രം. 35,601 പരാതികൾ ഇനിയും തീർപ്പാക്കാനുണ്ടെന്നാണ് കണക്ക്. ചില പഞ്ചായത്തുകളുടെ നിസ്സഹരണവും നടപടികൾ വൈകിപ്പിച്ചു. 10 പഞ്ചായത്തുകൾ ഇതു വരെയും ഭൂപടത്തിൽ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ അപ്‍ലോഡ് ചെയ്തിട്ടില്ല. നേരിട്ടുള്ള സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും പരാതികൾ പരിഹരിക്കാൻ കഴിയുമോ എന്ന സംശയവുമുണ്ട്.