തിരുവനന്തപുരം> ‘സർ, മുചെ ബചാവോ…’ ബിർഷു റാബ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത് ഈ നിലവിളിയോടെയാണ്. എന്നെ രക്ഷിക്കൂ എന്ന നിലവിളിയുടെ കാര്യമെന്തന്നറിയാതെ പൊലീസുകാർ കുഴങ്ങിയപ്പോൾ കീശയിൽനിന്ന് ഒരു ലോട്ടറി ടിക്കറ്റ് എടുത്തുനൽകി ഈ പശ്ചിമബംഗാളുകാരൻ. ബുധനാഴ്ചത്തെ ഒന്നാം സമ്മാനം ഒരുകോടി ലഭിച്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റായിരുന്നു അത്. സമ്മാനമടിച്ചത് അറിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെയാണ് ബിർഷു സ്റ്റേഷനിലേക്ക് എത്തിയത്.
തിങ്കൾ പകൽ തമ്പാനൂരിലെ ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽനിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ബുധൻ വൈകിട്ട് ലോട്ടറിക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണമെന്നുമായിരുന്നു ആവശ്യം.
ബിർഷു പറഞ്ഞത് മുഴുവൻ കേട്ട എസ്എച്ച്ഒ പ്രകാശ് ഉടൻ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ സുരക്ഷിതനായി ഇരുത്തി. ഒടുവിൽ മാനേജരെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. പണം ധൂർത്തടിച്ച് കളയരുതെന്ന ഉപദേശം നൽകി ഫോട്ടോയും എടുത്താണ് ബിർഷുവിനെ സ്റ്റേഷനിൽനിന്ന് യാത്രയാക്കിയത്.