തൃശൂര്‍: കോർപറേഷൻ പരിധിയിൽ ലൈസൻസില്ലാതെ കച്ചവടം നടത്തുന്നത് തടഞ്ഞ് ഹൈകോടതി. ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ എന്ത് നടപടിയെടുത്തുവെന്നതിൽ ഒക്ടോബർ 27ന് സത്യവാങ് മൂലം നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് ബെച്ചു കുരിയന്‍ തോമസാണ് ഉത്തരവിട്ടത്. അനധികൃത കച്ചവടക്കാർ ലൈസൻസുള്ളവർക്ക് തടസ്സം സൃഷ്ടിക്കുന്നതായും കോടതി വ്യക്തമാക്കി.
ജയ്ഹിന്ദ് മാർക്കറ്റിലെ പച്ചക്കറി വ്യാപാരി നൽകിയ ഹരജിയിലാണ് ഉത്തരവ്. കടയുടെ മുന്നിൽ ലൈസൻസില്ലാത്ത കച്ചവടക്കാർ പച്ചക്കറി വിൽപന നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. അനധികൃത കച്ചവടക്കാർക്കെതിരെ കോർപറേഷൻ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. പരാതി നല്കിയ ഒല്ലൂക്കര കാട്ടുപറമ്പില്‍ വീട്ടില്‍ കെ.കെ. റസാഖിന് വേണ്ടി അഡ്വ. പി.വി. ശ്രീനിവാസന് ഹാജരായി.