ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. പൊതുപ്രസംഗത്തിന്റെ അന്തസ്സ് കളഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജൂൺ ഒന്നിന് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിനൊരുങ്ങുന്ന പഞ്ചാബിലെ ജനങ്ങൾക്കുള്ള കത്തിലാണ് മൻമോഹൻ സിങ്ങിന്റെ ആരോപണം.
ചില സമുദായങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെ വിദ്വേഷം നിറഞ്ഞതും മാന്യമല്ലാത്തതുമായ വാക്കുകൾ പ്രയോഗിച്ച് അദ്ദേഹം പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കളഞ്ഞു. വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപത്തിലാണ് പ്രധാനമന്ത്രി മോദി മുഴുകിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദിയുടെ കഴിഞ്ഞ പത്ത് വർഷമായുള്ള നയങ്ങൾ കർഷകരുടെ വരുമാനം ഇല്ലാതാക്കുന്നതായിരുന്നു. കർഷകരുടെ പ്രതിമാസ വരുമാനത്തിന്റെ ദേശീയ ശരാശരി പ്രതിദിനം 27 രൂപ മാത്രമാണിപ്പോൾ. ഒരു കർഷകന്റെ ശരാശരി കടം 27,000 രൂപയാണ്. ഇന്ധനത്തിന്റെയും വളത്തിന്റെയുമെല്ലാം ഉയർന്ന ചെലവും കാർഷിക ഉപകരണങ്ങളുടെ ജി.എസ്.ടിയും കാർഷിക കയറ്റുമതി, ഇറക്കുമതി എന്നിവയിലെ വിചിത്ര തീരുമാനങ്ങളുമെല്ലാം കർഷക കുടുംബങ്ങളുടെ സമ്പാദ്യം നശിപ്പിക്കുകയും അവർ അരികുവത്കരിക്കപ്പെടുകയും ചെയ്തു.
കർഷക സമരത്തെ തുടർന്ന് 750ഓളം പേരാണ് മരിച്ചുവീണത്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുണ്ടായ പരിക്ക് സങ്കൽപിക്കാനാവാത്തതാണ്. നോട്ട് അസാധുവാക്കൽ ദുരന്തവും വികലമായ ജി.എസ്.ടിയും കോവിഡ് സമയത്തെ കെടുകാര്യസ്ഥതയുമെല്ലാം ദയനീയ സ്ഥിതിയിലേക്കാണ് നയിച്ചതെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.