ന്യൂയോര്‍ക്ക്: കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തിന്‍റെ ചിത്രമെടുത്ത പിതാവ് കുടുക്കിലായി. കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തിൽ അണുബാധയുള്ളതായി കണ്ടതിനെ തുടർന്ന് ചികിത്സ തേടാനായാണ് പിതാവ് ആൻഡ്രോയിഡ് ഫോണിൽ ചിത്രങ്ങൾ പകർത്തിയത്. 2021 ൽ സാൻഫ്രാൻസിസ്‌കോയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം.
കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് അണുബാധ കണ്ടയുടൻ അത്യാഹിതവിഭാഗത്തിലെ നഴ്‌സിനെ കുട്ടിയുടെ പിതാവ് ബന്ധപ്പെട്ടു. പിതാവിനോട് നഴ്സ് തന്നെയാണ് രോഗബാധയുടെ ചിത്രമെടുത്ത് ഡോക്ടർക്ക് അയയ്ക്കാൻ പറഞ്ഞത്. അപ്പോൾ തന്നെ കുറ്റാരോപിതനായ മാർക്ക് ഭാര്യയുടെ ഫോണില്‍ നിന്ന് മകന്‍റെ ജനനേന്ദ്രിയ ഭാഗത്തെ അണുബാധ വ്യക്തമാകുന്ന രീതിയിൽ അടുത്ത് നിന്നുള്ള ഫോട്ടോയെടുത്ത് ഡോക്ടർക്ക് അയയ്ക്കുകയായിരുന്നു.
അണുബാധയുള്ള ഭാഗം കൃത്യമായി അറിയാൻ കഴിയും വിധം ക്യാമറയ്ക്കു നേരെ കുട്ടിയെ പിടിച്ചാണ് മാർക്ക് ഫോട്ടെയെടുത്തത്. ചിത്രത്തിൽ മാർക്കിന്റെ കയ്യും പതിഞ്ഞിരുന്നു. ഈ ചിത്രം പരിശോധിച്ച് ഡോക്ടർമാർ ആവശ്യമായ മരുന്നുകളും നൽകി. ഈ ഫോട്ടോയ്ക്ക് എതിരെയാണ് ഗൂഗിൾ നടപടി എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഗൂഗിളിലും ഫോണിലുമായി സേവ് ചെയ്തിരുന്ന കോൺടാക്ടുകൾ, ഇ മെയിൽ, ഫോട്ടോസ് എല്ലാം ഗൂഗിൾ നീക്കം ചെയ്തു. പൊലീസ് അന്വേഷണവും നേരിടേണ്ടി വന്നു.
മാർക്ക് എടുത്ത ഫോട്ടോ കുട്ടികളോടുള്ള ലൈംഗിക ചൂഷണത്തിന് തെളിവായി കാണിക്കുന്ന ചിത്രങ്ങളിലൊന്നായി ഗൂഗിളിന്റെ അൽഗൊരിതം തിരിച്ചറിഞ്ഞു. ഇതാണ് പ്രശ്നത്തിന് കാരണമായത്. ചൈൽഡ് പോൺ ,നിയമവിരുദ്ധ ഉള്ളടക്കങ്ങൾ എന്നിവ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ശേഖരിക്കപ്പെടാതിരിക്കാനും ഷെയർ ചെയ്യാതിരിക്കാനും കമ്പനികൾ ഡാറ്റകൾ പരിശോധിക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ സേവനം പ്രയോജനപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്.ഗൂഗിളിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്ന മാര്‍ക്ക് തന്‍റെ ഫോൺ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നു.ഗൂഗിൾ കലണ്ടർ, ഫോട്ടോസ് എന്നിവയെല്ലാ കൃതൃമായി ബാക്കപ്പ് ചെയ്തിരുന്ന മാർക്കിന് കുഞ്ഞിന്‍റെ ചിത്രം എടുത്ത ശേഷമാണ് അറിയിപ്പ് ലഭിച്ചത്.
ഗൂഗിളിന്‍റെ സേവന വ്യവസ്ഥകൾ ലംഘിക്കുന്ന കുറ്റകരമായ ഉള്ളടക്കം കാരണം അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നായിരുന്നു അറിയിപ്പ്. കാര്യം പിടികിട്ടിയ മാർക്ക് ഗൂഗിളിന് വിശദീകരണം നൽകിയെങ്കിലും അക്കൗണ്ട് പുനസ്ഥാപിക്കാനാവില്ലെന്ന് ഗൂഗിൾ അറിയിച്ചു.
അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ ഗൂഗിളിന്റെ റിവ്യൂ ടീം ദൃശ്യങ്ങൾ സാൻഫ്രാൻസിസ്‌കോ പോലീസിനും കൈമാറി. ഇതെ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.