ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പിയെ തടയാൻ അവസരം ലഭിച്ചിട്ടും പ്രതിപക്ഷം അത് നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ക്രിക്കറ്റ് മത്സരത്തിൽ ഫീൽഡർ ക്യാച്ച് ഉപേക്ഷിക്കുന്നതിനോടും കളിക്കാരൻ സെഞ്ച്വറി നേടുന്നതിനോടും ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“നിങ്ങൾ ക്യാച്ചുകൾ ഉപേക്ഷിക്കുന്നത് തുടരുകയാണെങ്കിൽ, ബാറ്റർ സെഞ്ച്വറി നേടും, പ്രത്യേകിച്ചും അവൻ ഒരു മികച്ച ബാറ്ററാണെങ്കിൽ,” പ്രശാന്ത് കിഷോർ പറഞ്ഞു. ബി.ജെ.പി പിന്നോക്കാവസ്ഥയിലായപ്പോഴെല്ലാം ആ അവസരം മുതലെടുക്കുന്നതിൽ പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ് പരാജയപ്പെട്ടു. അസമിലൊഴികെ മറ്റ് അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ 2015-16 തെരഞ്ഞെടുപ്പിൽ തരിശായ നിലം പോലെയായിരുന്നു ബി.ജെ.പി. പ്രതിപക്ഷം തന്നെയാണ് അന്ന് ബി.ജെ.പിക്ക് തിരിച്ചുവരവിനുള്ള അവസരം നൽകിയത്. ഇക്കുറി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരാജയ ഭീതിയുണ്ടായേക്കാം. പക്ഷേ അത് സാധ്യമാകണമെങ്കിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിൽ നൂറ് സീറ്റെങ്കിലും കുറയുമെന്ന് ഇൻഡ്യ സഖ്യത്തിന് ഉറപ്പാക്കാൻ സാധിക്കണം. എന്നാൽ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 മാർച്ചിൽ നോട്ട് നിരോധനത്തിന് നാല് മാസം ശേഷം നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയെങ്കിലും ഡിസംബറിൽ ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് ബി.ജെ.പി ജയിച്ചത്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ 2018 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ച് അധികാരത്തിലെത്തി. 2020 കോവിഡ് കാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടു. പ്രതിപക്ഷ നേതാക്കൾ അപ്പോൾ വീട്ടിലിരുന്ന് മോദിക്ക് തിരിച്ചുവരവിനുള്ള അവസരമൊരുക്കിയെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞതുപോലെ 970 സീറ്റ് പാർട്ടി നേടില്ല മറിച്ച് 300 സീറ്റ് നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.