എറണാകുളം: പിറവത്ത് അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് മാസം ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന രാജുവിനെ കോടതി റിമാൻഡ് ചെയ്തു. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായമനോജിന് നഷ്ടപ്പെട്ടത് തന്‍റെ ജീവിതമാർഗമാണ്. 4 മാസം ഗർഭിണിയായ പശുവിനെ കോടാലികൊണ്ട് വെട്ടിക്കൊല്ലാൻ മാത്രം പ്രകോപനം രാജുവിന് ഉണ്ടായത് എന്തെന്ന് അറിയില്ല. അപ്രതീക്ഷിത ആക്രമണം തടയാനെത്തിയ മനോജിന്‍റെ ഭാര്യക്കും മകനും പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചു വരുന്നു.3 പശുക്കളും 3 കിടാങ്ങളുമാണ് തൊഴുത്തിൽ ഉണ്ടായിരുന്നത്.
കഴുത്തിന് സാരമായി പരിക്കേറ്റ മറ്റൊരു പശുവിനും കിടാങ്ങൾക്കും കുറച്ചധികം നാൾ പ്രത്യേക പരിചരണം വേണം. മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പശുവിന്‍റെ കഴുത്തിനേറ്റ വെട്ടാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
മനോജിന്‍റെ പശുത്തൊഴുത്തിലെ മാലിന്യം തന്‍റെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്നായിരുന്നു ഓട്ടോ ഡ്രൈവറായ രാജുവിന്‍റെ സംശയം. പഞ്ചായത്തിനും കളക്ടർക്കും പരാതി നൽകി. അധികൃതർ പരിശോധനകൾ നടത്തി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തൊഴുത്ത് നിർമ്മിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടത്തി. ബയോ ഗ്യാസ് പ്ലാന്‍റ് നിർമ്മിക്കാൻ പഞ്ചായത്ത് നിർദേശം നൽകി. അതും പൂർത്തിയാക്കി. പശുവിനെ വെട്ടാനുപയോഗിച്ച കോടാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.