34 ഗ്രാം ഭാരമുള്ള ഒരു അപൂർവ പിങ്ക് ഡയമണ്ട് കണ്ടെത്തി. കഴിഞ്ഞ 300 വർഷത്തിനിടയിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണ് ഇതെന്നാണ് കരുതുന്നത്. 170 കാരറ്റ് വരുന്ന ഈ ഡയമണ്ടിന് ‘ലുലോ റോസ്’ എന്ന് പേരിട്ടു. അംഗോളയിലെ ഖനിയിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 185 കാരറ്റ് വരുന്ന ദരിയ-ഇ-നൂറിന് ശേഷം ഖനനം ചെയ്തെടുത്ത ഏറ്റവും വലിയ പിങ്ക് വജ്രമാണിതെന്നാണ് കരുതപ്പെടുന്നത്. “ലുലോയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ഇത് അംഗോള ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഖനിയാണ് എന്നത് വീണ്ടും തെളിയിക്കുന്നു” എന്ന് അംഗോളയുടെ ധാതുവിഭവ മന്ത്രി ഡയമന്തിനോ അസെവെഡോ പറഞ്ഞു.
ലുലോ ഖനിയിൽ നിന്ന് കണ്ടെടുത്ത ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമാണിത് എന്നാണ് കരുതപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ലുക്കാപ ഡയമണ്ട് കമ്പനിയും അംഗോളൻ സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണിത്. ഇതുപോലെ സമാനമായ വജ്രങ്ങൾ നേരത്തെ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റിട്ടുണ്ട്. പിങ്ക് സ്റ്റാർ എന്നറിയപ്പെടുന്ന ഒരു വജ്രം 71.2 മില്ല്യൺ ഡോളറിനാണ് 2017 -ൽ വിറ്റത്.
എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ലുലോ റോസിന് എത്ര രൂപ വില വരും എന്ന് സ്ഥിരീകരിച്ചിട്ടില്ല. മുറിച്ച് കഷ്ണങ്ങളാക്കിയെങ്കിൽ മാത്രമേ അത് പറയാൻ സാധിക്കൂ. പിങ്ക് വജ്രങ്ങൾ വളരെ വളരെ അപൂർവമാണ്. അപൂർവം എന്നത് പോലെ തന്നെ ഇത് പരുക്കൻ വജ്രം കൂടിയാണ്. അതിനാൽ തന്നെ മുറിച്ച് ഏതെങ്കിലും ആകൃതിയിലാക്കി മാറ്റുക എന്നത് പ്രയാസം കൂടിയ ജോലിയാണ്.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പിങ്ക് വജ്രം ദാരിയ ഈ നൂർ ഇന്ത്യയിൽ നിന്നാണ് കണ്ടെത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പരുക്കൻ വജ്രം 1905 -ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ കള്ളിനൻ വജ്രമാണ്.