ന്യൂഡല്‍ഹി: ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം അവശ്യപ്പെട്ട സംഘം അറസ്റ്റിലായി. കുട്ടിയുടെ അടുത്ത ബന്ധുവായ യുവാവും ഇയാളുടെ രണ്ട് കൂട്ടാളികളുമാണ് പിടിയിലായത്. ശാസ്ത്രി നഗറിലെ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിനെ മണിക്കൂറുകള്‍ക്കകം കരോള്‍ബാഗില്‍ വെച്ച് കണ്ടെത്തുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ അമ്മാവനായിരുന്നു തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരന്‍. സഹോദരിയുടെ ഭര്‍ത്താവിന് ബിസിനസിലൂടെ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയില്‍ അസൂയപ്പെട്ട് അതില്‍ നിന്ന് കുറച്ച് പണം തനിക്കും ലഭിക്കാന്‍ വേണ്ടിയായിരുന്നത്രെ ഇയാള്‍ തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്. വെസ്റ്റ് ഡല്‍ഹിയിലെ ശാസ്ത്രി നഗറില്‍ താമസിക്കുന്ന സുനില്‍ കുമാറിന്റെ മകനെയാണ് കാണാതായത്.
വീട്ടില്‍ ഇല്ലായിരുന്ന സുനിലിന് ഒരു ഫോണ്‍ കോള്‍ ലഭിക്കുകയും മകനെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കുമെന്നും അറിയിക്കുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ കുട്ടിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആരോ കബളിപ്പിക്കുകയാണെന്ന് ധരിച്ചെങ്കിലും മറ്റൊരു നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് വിളിച്ച് മകന്‍ അവിടെയുണ്ടോ എന്ന് അന്വേഷിച്ചു.
മകനെ കാണുന്നില്ല എന്ന് വീട്ടുകാര്‍ അറിയിച്ചപ്പോഴാണ് സംഗതി കാര്യമാണെന്ന് മനസിലായത്. അടുത്തുള്ള ക്ഷേത്രത്തില്‍ പണവുമായി വരാനായിരുന്നു നിര്‍ദേശം. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നിരവധി സംഘങ്ങള്‍ക്ക് രൂപം നല്‍കി അന്വേഷണം തുടങ്ങുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങുകയും ചെയ്തു. പണം ചോദിച്ച് വിളിച്ച ഫോണ്‍ കോളുകളുടെ ലൊക്കേഷനും ശേഖരിച്ചു.
ഈ സമയം ബന്ധുക്കളും അന്വേഷണം തുടങ്ങി. കുട്ടിയുടെ അമ്മാവനായ വികാസാണ് ഇതിന് മുന്നില്‍ നിന്നത്. ഇയാള്‍ ഇതേ സമയം തന്നെ തന്റെ സുഹൃത്തുക്കള്‍ക്ക് ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ തെരച്ചിലിനിടെ ഏതാനും കിലോമീറ്റര്‍ അകലെ കരോള്‍ ബാഗില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. അവിടെ കുട്ടിയുമായെത്തിയ രണ്ട് യുവാക്കള്‍ ഒരു ചായക്കടയില്‍ ഇറങ്ങിനിന്ന് ചായ കുടിക്കുന്നതിനിടെയാണ് പിടിയിലായത്.
പിടിയിലാവുന്ന സമയവും ഇവര്‍ ഫോണിലൂടെ വികാസുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടിയെ നേരത്തെ അറിയാവുന്ന ഇവര്‍ ചില ഭക്ഷണ സാധനങ്ങള്‍ വാങ്ങിച്ചുതരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇവരുടെ ഫോണുകളും ബൈക്കും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.