വടകര: എം.ഡി.എം.എയുമായി അറസ്റ്റിലായ ദമ്പതിമാർ താമസിച്ച വാടകവീട്ടിൽ പൊലീസ് പരിശോധന നടത്തി. ശനിയാഴ്ച രാത്രി തൊട്ടിൽപാലം ചാത്തങ്കോട്ട്നടയിൽ വെച്ച് 96.44 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ പതിയാരക്കരയിലെ മുതലോളി വീട്ടിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരുടെ മേമുണ്ടയിലെ വാടക വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.നാദാപുരം ഡിവൈ.എസ്.പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടുടമയായ കപ്പറത്ത് താഴ ‘അമ്പാടിയിൽ’ ബാലന്റെ സാന്നിധ്യത്തിൽ മേമുണ്ട മഠത്തിനു സമീപമുള്ള വീട്ടിലാണ് പരിശോധന നടത്തിയത്.
വീട്ടിൽനിന്ന് ചെറിയ ഇലക്ട്രോണിക് അളവ് തൂക്ക യന്ത്രം, പ്രതികളുടെ പാസ്പോർട്ടുകൾ, സ്റ്റെഫിയുടെ ആധാർ കാർഡ്, പാൻ കാർഡ്, വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ. 18-വി-5907 മാരുതി വാഗൺ ആർ കാർ, മയക്കുമരുന്ന് നൽകാനുളള 55 പ്ലാസ്റ്റിക് കവറുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ബുധനാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. പ്രതികളുടെ അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.