പട്ന: സ്കൂളിൽ പോയ മൂന്നു വയസ്സുകാരന്റെ മൃതദേഹം ഓടയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പട്‌നയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സ്‌കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് സ്കൂളിനകത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ക്ലാസ് കഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ സ്കൂളിലെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ കൃത്യമായി മറുപടി നൽകാതിരുന്നത് സംശയം വർധിപ്പിക്കുകയായിരുന്നു. തുടർന്ന് കുടുംബം കുട്ടിയ്ക്ക് എന്ത് സംഭവിച്ചെന്ന് അന്വേഷിച്ചു. അന്വേഷണത്തിൽ സ്‌കൂൾ പരിസരത്ത് ഡ്രെയിനേജ് ഗട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കുട്ടിയുടെ കൊലപാതകത്തെ തുടർന്ന് സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നിരവധി വാഹനങ്ങളും സ്‌കൂളിൻ്റെ മതിലുകളും സമരക്കാർ കത്തിച്ചു. പ്രതിഷേധം ശക്തമായതോടെ സംഭവസ്ഥലത്തേക്ക് പൊലീസ് സംഘം എത്തിയതായി പട്‌ന പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു. കുട്ടി സ്‌കൂളിലേക്ക് എത്തുന്നുണ്ടെങ്കിലും പിന്നീട് പുറത്ത് പോവുന്നത് കാണാത്ത സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ചന്ദ്രപ്രകാശ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ കുട്ടി സ്‌കൂളിലേക്ക് കയറുന്നത് കാണുന്നുണ്ടെങ്കിലും സ്‌കൂൾ പരിസരത്ത് നിന്ന് പുറത്തേക്ക് പോകുന്നത് കാണുന്നില്ല. മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതിനാൽ ഇത് കൊലപാതക കേസായി അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണെന്നും ചന്ദ്രപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.