കൊച്ചി: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കം സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പാർട്ടി സ്കൂൾ പരിശീലകരുടെ സംസ്ഥാനതല ശിൽപശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024ലെ തെരഞ്ഞെടുപ്പ് വിജയം നേടാൻ ജനങ്ങളെ ധ്രുവീകരിക്കുക എന്നതും ഏകസിവിൽ കോഡ് ചർച്ചക്ക് എടുത്തിടുന്നതിന്റെ പിന്നിലുണ്ട്.
വൈവിധ്യങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാനം. മതന്യൂനപക്ഷങ്ങൾ, ഗോത്രവർഗക്കാർ, പിന്നാക്ക ഹിന്ദുക്കൾ, ദലിതുകൾ തുടങ്ങി വിവിധ ജനവിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത വൈവാഹിക രീതികളും പിന്തുടർച്ച രീതികളുമാണുള്ളത്. ഇതെല്ലാം ഏകീകരിക്കുക എന്നത് രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുക എന്നതിലേക്കാണ് എത്തുക. അത്യന്തം അപകടകരമായ ഈ സാഹചര്യം ഒഴിവാക്കാൻ മത-മതേതര വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം നീണ്ട ശിൽപശാലയിൽ ഹമീദ് വാണിയമ്പലം, എസ്. ഇർഷാദ്, സജീദ് ഖാലിദ്, കെ.എ. ഷഫീഖ്, ഷംസീർ ഇബ്രാഹിം, ജോസഫ് ജോൺ, അൻസാർ അബൂബക്കർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.