പൊതുവിടങ്ങളിൽ പൂർണ നഗ്നനായി പ്രത്യക്ഷപ്പെടുക എന്നത് നമ്മുടെ രാജ്യത്ത് നിയമ വിരുദ്ധമാണ് അല്ലേ? അതുപോലെ സ്പെയിനിൽ ഒരാൾ നഗ്നനായി നടന്നതിന് അയാൾക്കെതിരെ പിഴ ചുമത്തി. എന്നാൽ, ഹൈക്കോടതിയിൽ നിന്നും അയാൾക്ക് അനുകൂലമായ വിധിയാണ് വന്നത്. യുവാവിന് നഗ്നനായി നടക്കാൻ ഇനിയും അവകാശമുണ്ട് എന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല ഇയാൾ കോടതിയിൽ ഹാജരായതും നഗ്നനായിട്ടാണ്.
സ്പെയിനിലെ അൽദായയിലെ തെരുവുകളിൽ കൂടിയാണ് ഇയാൾ നഗ്നനായി നടന്നത്. കീഴ്ക്കോടതി ഇതിന് ഇയാൾക്കെതിരെ പിഴ ചുമത്തി. ഇതേ തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ പോവുകയായിരുന്നു. 29 -കാരനായ അലസാൻഡ്രോ കൊളോമറിനെതിരെയാണ് നഗ്നനായി നടന്നതിന് പിഴ ചുമത്തിയത്. എന്നാൽ, തുടർന്ന് ഹൈക്കോടതിയിൽ പോകുമ്പോഴും ഇയാൾ ഒരു ജോഡി ഹൈക്കിംഗ് ബൂട്ട് മാത്രമാണ് ധരിച്ചത്, വസ്ത്രങ്ങൾ ഒന്നും തന്നെ ധരിച്ചില്ല. ഇതിന്റെ വീഡിയോയും പിന്നാലെ പുറത്ത് വന്നു. കോടതിയിൽ തന്റെ ആശയ സ്വാതന്ത്ര്യമെന്ന അവകാശത്തെ ഹനിക്കുന്നതാണ് തനിക്കെതിരെ പിഴ ചുമത്തിയ നടപടി എന്ന് ഇയാൾ ആരോപിച്ചു.
ഇപ്പോൾ അശ്ലീല പ്രദർശനത്തിനാണ് തനിക്ക് നേരെ പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ, നിഘണ്ടു പ്രകാരം ലൈംഗികതാൽപര്യത്തോടെ എന്തെങ്കിലും ചെയ്താലാണ് അശ്ലീല പ്രദർശനം ആവുന്നത്. തനിക്ക് അങ്ങനെ ഒരുദ്ദേശവും ഉണ്ടായിരുന്നില്ല. അങ്ങനെ ഒന്നും താൻ ചെയ്തിരുന്നുമില്ല. അതിനാൽ തന്നെ തനിക്ക് നേരെ ചുമത്തിയിരിക്കുന്ന പിഴ വെറും അനീതിയാണ് എന്നും അലസാണ്ട്രോ പറഞ്ഞു.
1988 മുതൽ സ്പെയിനിൽ നഗ്നമായി നടക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ, അക്കാര്യത്തിൽ വല്ലാഡോളിഡ് ബാഴ്സലോണ പോലെയുള്ള പ്രദേശങ്ങൾ തങ്ങളുടേതായ ചില നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, അൽദായ അത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന സ്ഥലമല്ല എന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, അലസാണ്ട്രോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒന്നും ചെയ്തിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് യുവാവിന് അനുകൂലമായി കോടതി സംസാരിച്ചത്.
2020 മുതലാണ് താൻ നഗ്നനായി നടക്കാൻ തുടങ്ങിയത് എന്നും എന്നാൽ സമൂഹത്തിൽ നിന്നും അപമാനത്തേക്കാൾ പിന്തുണയാണ് തനിക്ക് ലഭിച്ചത് എന്നും ഇയാൾ പിന്നീട് റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാൽ, ഒരു തവണ അദ്ദേഹത്തെ ഒരാൾ കത്തി വച്ച് ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭൂരിഭാഗം ആളുകളും തന്നെ പിന്തുണക്കുകയാണ് ചെയ്തത് എന്നും അലസാണ്ട്രോ പറഞ്ഞു.