ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയോടു സുപ്രീം കോടതി നിർദേശിച്ചു. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനിലെ ഗസറ്റഡ് ഓഫിസറുടെയോ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുടെയോ സാക്ഷ്യപത്രത്തോടെ ഇത് അനുവദിക്കാനാണു ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
പ്രക്രിയയിൽ രഹസ്യാത്മകത സൂക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. താമസരേഖയില്ലാത്തതിനാൽ ആധാർ കാർഡ് അനുവദിക്കാത്തത് ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. മാന്യതയും അന്തസ്സും സംരക്ഷിക്കാനുള്ള അടിസ്ഥാന അവകാശം ലൈംഗികത്തൊഴിലാളികൾക്കും ഉറപ്പാക്കണം. പൊലീസ് ഇവരോടു മാന്യമായി പെരുമാറണം, വാക്കു കൊണ്ടു പോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകരുത്. ഇതുസംബന്ധിച്ചു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണം– സുപ്രീം കോടതി വ്യക്തമാക്കി.
സർക്കാരുകൾ പാലിക്കേണ്ട കാര്യങ്ങൾ
∙ പീഡന കേസുകളിൽ അതിജീവിതയ്ക്കു നൽകുന്ന പരിഗണനയും സൗകര്യങ്ങളും അടിയന്തര ചികിത്സാസഹായവും ലൈംഗികത്തൊഴിലാളികൾക്കും നൽകണം.
∙ റെസ്ക്യു ഹോമുകളിൽ സംസ്ഥാന സർക്കാരുകൾ സർവേ നടത്തണം. പ്രായപൂർത്തിയായവരെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായാണ് താമസിപ്പിച്ചിട്ടുള്ളതെങ്കിൽ മോചിപ്പിക്കണം.
∙ ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
∙ ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട നിയമവശങ്ങൾ, അവകാശങ്ങൾ തുടങ്ങിയവ സംബന്ധിച്ച ക്ലാസുകൾ.