അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ റേഡിയോ പരിപാടിയുടെ 100 എപ്പിസോഡുകൾക്കായി കേന്ദ്രം നികുതിദായകരുടെ 830 കോടി രൂപ ചെലവഴിച്ചുവെന്ന് ട്വീറ്റ് ചെയ്ത ആം ആദ്മി പാർട്ടി ഗുജറാത്ത് പ്രസിഡന്റ് ഇസുദാൻ ഗാധ്വിക്കെതിരെ പൊലീസ് കേസെടുത്തു. കൃത്യമായ വിവരങ്ങളുടെ പിൻബലമില്ലാതെയാണ് ഗാധ്വിയുടെ ട്വീറ്റ് എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ ഗാധ്വിയുടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ഭരണകക്ഷിയായ ബി.ജെ.പി തങ്ങളുടെ നേതാക്കളെ ഇത്തരം “തെറ്റായ” എഫ്.ഐ.ആറുകളിലൂടെ വേട്ടയാടുകയാണെന്ന് എ.എ.പി ആരോപിച്ചു.
ഏപ്രിൽ 28 നായിരുന്നു ഗാധ്വിയുടെ ട്വീറ്റ്. “മൻ കി ബാത്തിന്റെ വില 8.3 കോടി രൂപ! അതായത് 100 എപ്പിസോഡുകൾക്കായി കേന്ദ്രം ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു. ഇത് വളരെ കൂടുതലാണ്. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തണം. , കാരണം അവർ കൂടുതലും ഈ പ്രോഗ്രാം കേൾക്കുന്നു.” എന്നായിരുന്നു ട്വീറ്റ്.