ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ആം ആദ്മി പാർട്ടി നേതാവും എം.എൽ.എയുമായ അമാനത്തുല്ല ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി. വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ചുവിറ്റുവെന്നാണ് അമാനത്തുല്ല ഖാനെതിരായ ആരോപണം.
വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അമാനത്തുല്ല ഖാനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഏപ്രിൽ 11ന് ഇ.ഡി ഡൽഹി റോസ് അവന്യൂ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേ ക്ക് മാറ്റി.അമാനത്തുല്ല ഖാനടക്കം നാലു പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ഇ.ഡി സമൻസ് അയച്ചെങ്കിലും അമാനത്തുല്ല ഖാൻ ഹാജരായിരുന്നില്ല. കേസിൽ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഏപ്രിൽ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് അമാനത്തുല്ല ഖാന് കോടതി സമൻസ് അയച്ചിട്ടുണ്ട്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമാനത്തുള്ള ഖാന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി.