ഗാന്ധിനഗർ: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഉടൻ ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാനത്തെ പാർട്ടി ജനറൽ സെക്രട്ടറി മനോജ് സൊറാദിയ അറിയിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് ഡൽഹി മുഖ്യമന്ത്രിയും ആപ്പ് മേധാവിയുമായ അരവിന്ദ് കെജ്രിവാൾ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്താൻ കാമ്പയിൻ തുടങ്ങിയത്.
‘ഗുജറാത്തിലെ സാഹചര്യങ്ങൾ എ.എ.പിക്ക് അനുകൂലമാണ്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് ചോദിക്കുന്നു. അതിനായി ഒരു ഫോൺ നമ്പറും ഇ മെയിൽ ഐ.ഡിയും നൽകുന്നു. നിങ്ങൾക്ക് അതിലേക്ക് മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്ന് അറിയിക്കാ’മെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നത്.നേരത്തെ പഞ്ചാബിൽ സമാന രീതിയിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. പഞ്ചാബിൽ ആപ്പ് വൻ വിജയം നേടിയപ്പോൾ ജനങ്ങൾ വോട്ട് ചെയ്ത ഭഗവന്ത് മാന്നെ മുഖ്യമന്ത്രിയാക്കി.ഗുജറാത്തിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം ഡിസംബർ അഞ്ചിനും നടക്കും.