ന്യൂഡൽഹി : അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി. 24 ആഴ്ചയിലധികം ഗർഭിണിയായ മണിപ്പൂരി യുവതി ഗർഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ സുപ്രധാന വിധി.
മണിപ്പൂരി യുവതിയുടെ ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഗര്‍ഭഛിദ്രം നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ‘ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടി’ന്‍റെ പരിധിയില്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമേ വരൂ എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധി നിയമത്തെ അനുചിതമായി പരിമിതപ്പെടുത്തുന്ന വ്യാഖ്യാനമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
യുവതിയുടെ ജീവന് അപകടം ഇല്ലാതെ ഗർഭഛിദ്രം നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡൽഹി എംയിസിന് കോടതി നിര്‍ദേശം നല്‍കി. ആരോഗ്യപ്രശ്നങ്ങളില്ലാതെ ഗര്‍ഭഛിദ്രം നടത്താന്‍ കഴിയുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയാല്‍ കോടതി ഗര്‍ഭഛിദ്രം അനുവദിച്ചേക്കും.