അബുദാബി: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ ശരിവെച്ച് അബുദാബി പരമോന്നത കോടതി . ഇയാള്‍ക്കെതിരെ ആസൂത്രിതമായ കൊലപാതക കുറ്റം തെളിയിക്കാന്‍ സാധിച്ചതോടെയാണ് കീഴ്‍കോടതി വധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചത്. 36 തവണ ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുത്തിയാണ് ഇയാള്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ യുവാവിന് മാപ്പു നല്‍കാനോ ബ്ലഡ് മണി സ്വീകരിക്കാനോ വിസമ്മതിക്കുകയും ചെയ്‍തു.
യുവാവ് പലപ്പോഴും പിതാവിനോട് പണം ചോദിക്കുകയും അതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് പതിവുമായിരുന്നു. ചിലപ്പോഴൊക്കെ പണം നല്‍കിയിരുന്നെങ്കിലും നേരത്തെ ഒരു മയക്കുമരുന്ന് കേസിലെ പ്രതി കൂടിയായിരുന്ന മകന്‍ താന്‍ നല്‍കുന്ന പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുമെന്ന ബോധ്യമുണ്ടായിരുന്നതിനാല്‍ മിക്കപ്പോഴും പണം നല്‍കാന്‍ പിതാവ് വിസമ്മതിച്ചു. ഇതിന്റെ പേരില്‍ ഇയാള്‍ അച്ഛനെ മര്‍ദിക്കാറുണ്ടായിരുന്നു.സംഭവ ദിവസം തനിക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞാണ് പിതാവിനെ മുറ്റത്തേക്ക് വിളിച്ചത്. അവിടെവെച്ച് കുത്തിക്കൊല്ലുകയായിരുന്നു.
36 തവണ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കുത്തി. പ്രതിയുടെ സഹോദരന്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് സംഭവം കാണുകയും താഴേക്ക് ഓടിയെത്തി പിതാവിനെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്‍തു. എന്നാല്‍ അപ്പോഴേക്കും മറ്റൊരു കാര്‍ കുറുകെയിട്ട് പ്രതി ഇത് തടസപ്പെടുത്തി. കാറില്‍ ഇടിച്ച് തകരാറുണ്ടാക്കുകയും ചെയ്‍തു. ഈ സമയം വീടിന് പുറത്തുണ്ടായിരുന്ന മറ്റൊരു സഹോദരനാണ് പോലീസില്‍ വിവരമറിയിച്ചത്.പിതാവിന്റെ ഒരു സഹോദരനും ഈ സമയം വീടിന്റെ പരിസരത്തുണ്ടായിരുന്നു. അദ്ദേഹം ഓടിയെത്തിയാണ് ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയത്. എന്നാല്‍ അവിടെയെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
കൊലപാതകത്തിന് പുറമെ വാഹനം നശിപ്പിക്കല്‍, ചികിത്സ തടസപ്പെടുത്തല്‍ തുടങ്ങിയവയ്‍ക്കും മയക്കുമരുന്ന് ഉപയോഗത്തിനും കുറ്റം ചുമത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.എന്നാല്‍ സംഭവ സമയത്ത് പ്രതി ലഹരിയുടെ സ്വാധീനത്തിലായിരുന്നെന്നും നടന്നതൊന്നും ഓര്‍മയില്ലായിരുന്നുവെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. കോടതി നിയോഗിച്ച മെഡിക്കല്‍ കമ്മിറ്റി ഈ വാദം തള്ളി. തന്റെ ചെയ്‍തികള്‍ക്ക് പ്രതി ഉത്തരവാദിയാണെന്ന് തന്നെയായിരുന്നു മെഡിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.