അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗ പരിധി കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.
കാലാവസ്ഥ പ്രതികൂലമാവുന്ന സമയത്ത് അബുദാബിയിലെ റോഡുകളില്‍ പാലിക്കേണ്ട പരമാവധി വേഗപരിധി ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ ദൃശ്യമാക്കുകയാണ് ചെയ്യാറുള്ളത്. അല്‍ ഐനില്‍ മഴ ലഭിച്ചെന്ന വിവരവും യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മഴയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിട്ടുമുണ്ട്.
യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിച്ചു. അടുത്ത മൂന്ന് ദിവസം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഉഷ്ണകാലമാണെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം കാരണവും രാജ്യത്ത് തുടര്‍ന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികള്‍ കാരണവുമാണ് മഴ ലഭിക്കുന്നത്.