തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ ജയിലിലായ ജനപക്ഷം നേതാവ് പിസി ജോർജ്ജ് പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് കഴിഞ്ഞ രാത്രി ചിലവിട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ ബ്ലോക്കിൽ നിരീക്ഷണത്തിലാണ് ജോർജ്. രാത്രി ജയിൽ ജീവനക്കാർ ആശുപത്രി സെല്ലിൻ്റെ വാതിൽ പൂട്ടാനെത്തിയപ്പോൾ ജോർജ് ഇവരെ തടഞ്ഞു. എന്നാൽ ജോർജിൻ്റെ എതിർപ്പ് മറികടന്നു ജയിൽ ജീവനക്കാർ ബ്ലോക്ക് അടപ്പിച്ചു. വൈകിട്ട് 5.40-ഓടെയാണ് ജോർജിനെ ജില്ലാ ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടു വന്നത്. നേരത്തെ നടത്തിയ ആരോഗ്യപരിശോധനയിൽ ജോർജിൻ്റെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയിരുന്നു.