കാസർകോഡ്: കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ പ്രതിഷേധം കനത്തതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ് ഐ രജിത്, സിവിൽ പോലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. അതേസമയം, മാറ്റി നിർത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റമെന്നാണ് വിശദീകരണം.
പോലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു. പോലീസ് സ്റ്റേഷന് മുന്നിൽ രാത്രി നീളും വരെയായിരുന്നു പ്രതിഷേധം. രാത്രിയിലേക്കും പ്രതിഷേധം നീണ്ടതോടെ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പോലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞിരുന്നു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പോലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പോലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുസ്ലിംലീഗ്. പൊലീസുകാർക്ക് സ്ഥലംമാറ്റം നൽകുന്നത് കൊണ്ട് കാര്യമില്ല. പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് മുസ്ലിംലീഗ് നിലപാട്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുകയാണ് മുസ്ലിംലീഗ്. കൂടാതെ മരിച്ച ഫർഹാസിന്റെ മാതാവ് മുഖ്യമന്ത്രിക്ക് പരാതിയും നൽകും.