അതിജീവിതയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ പീഡനക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. ഇതോടെ ഇക്കാര്യത്തിൽ അവകാശപ്രവർത്തകരുടെ വൻ വിമർശനം ഉയർന്നിരിക്കുകയാണ്. നാട്ടിലെ മുതിർന്നവരുടെ കൗൺസിൽ ഇടനിലക്കാരായി നിന്നുകൊണ്ടാണ് പ്രതി അതിജീവിതയെ വിവാഹം കഴിക്കും എന്ന തീരുമാനത്തിൽ എത്തിയത്.
സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളും ശാരീരികാതിക്രമങ്ങളും ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സ്ഥലത്ത് ഇത്തരമൊരു തീരുമാനമെടുത്തത് ലൈംഗികാതിക്രമങ്ങളെ നീതീകരിക്കുന്ന ഒന്നായിപ്പോയി എന്ന് അവകാശ സംഘടനകൾ പ്രതികരിച്ചു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുണർ ജില്ലയിൽ മേയ് മാസം മുതൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ദൗലത്ത് ഖാൻ എന്ന ഇരുപത്തിയഞ്ചുകാരൻ. ബധിരയായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതായിരുന്നു കേസ്. പെൺകുട്ടിയുടെ കുടുംബം എന്നാൽ കോടതിക്ക് പുറത്ത് ഇത് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഈ ഒത്തുതീർപ്പ് പെഷവാർ ഹൈക്കോടതി അംഗീകരിച്ചു. തുടർന്ന് തിങ്കളാഴ്ച ഇയാൾ ജയിൽ മോചിതനായി.
പ്രതിയും അതിജീവിതയും അകന്ന ബന്ധുക്കളാണ്. പ്രദേശത്തെ ഒരു കൗൺസിലിന്റെ സഹായത്തോടെ ഇരു കുടുംബങ്ങളും ഒത്തുതീർപ്പിൽ എത്തുകയായിരുന്നു എന്ന് പ്രതിയുടെ അഭിഭാഷകൻ അംജാദ് അലി പറഞ്ഞു. ഈ വർഷം ആദ്യം അവിവാഹിതയായ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഖാനാണ് കുഞ്ഞിന്റെ പിതാവ് എന്ന് തെളിഞ്ഞു. ഇതേ തുടർന്ന് പീഡനക്കുറ്റത്തിന് ഇയാൾ അറസ്റ്റിലായി.
ദുർബലരായ സ്ത്രീകൾക്ക് നിയമസഹായം നൽകുന്ന അസ്മ ജഹാംഗീർ ലീഗൽ എയ്ഡ് സെല്ലിന്റെ അഭിപ്രായത്തിൽ, വിചാരണയ്ക്ക് പോകുന്ന കേസുകളിൽ വെറും മൂന്ന് ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് ശിക്ഷ ലഭിക്കുന്നത്. സമൂഹത്തെ പേടിച്ച് പലപ്പോഴും പീഡനക്കേസുകളിൽ അതിജീവിതമാരോ കുടുംബമോ കേസിന് പോകുന്നില്ല. അതുപോലെ പ്രോസിക്യൂട്ടർമാരുടേയും നിയമത്തിന്റെയും നിലപാടും കേസിന് പോവാതിരിക്കാൻ കാരണമാകുന്നുണ്ട്. അതിനെല്ലാമുപരി പല ബലാത്സംഗക്കേസുകളും കോടതിക്ക് പുറത്ത് ഇതുപോലെ ഒത്തുതീർപ്പാക്കുകയാണ്. അതൊക്കെ കൊണ്ടുതന്നെ പല കേസുകളിലും അതിജീവിതമാർക്ക് നീതി ലഭിക്കുന്നില്ല എന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു.