തിരുവനന്തപുരം : കെ വി തോമസിനെതിരെ അച്ചടക്ക സമിതി സമർപ്പിച്ചിട്ടുള്ള ശുപാർശകളിൽ സോണിയ ഗാന്ധി ഇന്ന് അംഗീകാരം നൽകും. പദവികളിൽ നിന്നും നീക്കാനും,താക്കീത് നൽകാനുമാണ് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ശുപാർശ ചെയ്തിരിക്കുന്നത്. കടുത്ത നടപടികളിലേക്ക് പോകാതെയുള്ള അച്ചടക്ക സമിതിയുടെ മൃദു സമീപനം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാകും. കടുത്ത നടപടികളിലേക്ക് പോകാതെ പദവികളിൽ നിന്ന് നീക്കാനും ,താക്കീത് നൽകിയും കെ വി തോമസിനെതിരായ നടപടി ഒതുങ്ങും.അച്ചടക്ക സമിതിയുടെ ശുപാർശയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകും.ഏതൊക്കെ പദവികളിൽ നിന്ന് നീക്കണമെന്ന അവസാനവാക്ക് കോൺഗ്രസ് അധ്യക്ഷയുടേതാണ്,
രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിസിസി എക്സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ.സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ എഐസിസി അംഗത്വം സാങ്കേതികം മാത്രമെന്നും വിശദീകരണം.കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാൽ പാർട്ടി വിടുന്നതിന് കെ.വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ സിപിഐഎമ്മിന് അവസരം ലഭിക്കുമെന്നും കോൺഗ്രസ് മുൻകൂട്ടി കാണുന്നു.പാർട്ടിയിൽനിന്ന് പുറത്താക്കാതെ പൂർണ്ണമായും അകറ്റി നിർത്തുകയെന്ന തന്ത്രമാണ് നേതൃത്വം പയറ്റുന്നത്.നേതൃത്വത്തിന്റെ ഈ നീക്കങ്ങളിലുള്ള കെവി തോമസിന്റെ മറുതന്ത്രമാകും ഇനി ശ്രദ്ധേയം.നടപടി ഔദ്യോഗികമായി അറിയിച്ചിട്ട് പ്രതികരിക്കാമെന്നാണ് കെ.വി. തോമസിന്റെ നിലപാട്.