കോഴിക്കോട് (അത്തോളി ): രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തതിനെ പറ്റി പഠിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കോടതിയെന്നും അത്തോളിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ കെ സുരേന്ദ്രന്‍ പറഞ്ഞു. മാർച്ച് തടയണമെന്നല്ല ബിജെപി ആവശ്യപ്പെട്ടത്. ഓഫീസിലെത്തി ഹാജർ നൽകിയ ശേഷം സർക്കാർ ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവ് ഇറക്കിയല്ല ആരും സമരത്തിൽ പങ്കെടുക്കുന്നത്. പങ്കെടുത്തവരെ കണ്ടുപിടിക്കാൻ കഴിയും. തെളിവുകൾ ഹൈക്കോടതിക്ക് നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ രാജ്ഭവൻ മാർച്ച് നിയമവാഴ്ചയ്ക്ക് എതിരാണെന്ന് വ്യക്തമായി. സർക്കാർ തന്നെ നിയമവാഴ്ച തകർക്കാൻ ശ്രമിക്കുകയാണ്. സിപിഎം രാജ്ഭവൻ മാർച്ചിൽ ഉന്നയിക്കുന്ന ആവശ്യം ജനങ്ങള്‍ തള്ളുമെന്നുറപ്പാണ്. മറ്റ് വിസിമാരും ഫിഷറീസ് സർവ്വകലാശാല വിസിയെ പോലെ നാണം കെട്ട് ഇറങ്ങി പോവേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ ചാരി മുസ്ലിംലീഗ് ഇടത് മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ലീഗ് കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് മനസിലാവുന്നില്ല. ലീഗ് ആണ് കോൺഗ്രസിന്‍റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന നില വന്നിരിക്കുകയാണ്. കോൺഗ്രസ് ഹൈക്കമാൻഡിനേക്കാൾ ശക്തമാണ് ലീഗ് നേതൃത്വം. കെ. സുധാകരന്‍റെ മനസ് ബിജെപിക്ക് ഒപ്പമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോൺഗ്രസിന്‍റെ പ്രസക്തി പൂർണമായും നഷ്ടമാവും. കെ. സുധാകരന്‍റെ അഭിപ്രായം മറ്റ് കോൺഗ്രസ് നേതാക്കൾക്കും ഉണ്ട്. ലീഗിനെ പേടിച്ച് പ്രവർത്തിക്കേണ്ട അരക്ഷിതാവസ്ഥയിലാണ് അവപരെന്നും അത്തരം നേതാക്കൾക്ക് സംരക്ഷണം നൽകാൻ ബിജെപി തയ്യാറാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.