ഹൈദരാബാദ്∙ തെലുങ്ക് നടൻ അല്ലു രമേശ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. വിശാഖപട്ടണത്തെ വസതിയിൽ വച്ച് ശാരീരികാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെലുങ്ക് സംവിധായകൻ ആനന്ദ് രവിയാണ് അല്ലു രമേശിന്റെ വിയോഗ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്. 2001ൽ ചിരുജല്ലു എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം തൊലു ബൊമ്മലത, മഥുര വൈൻസ്, വീഥി, ബ്ലേഡ് ബാബ്ജി, നെപ്പോളിയൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2022ൽ പുറത്തിറങ്ങിയ അനുകോണി പ്രയാണം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ‘മാ വിടകുലു’ എന്ന വെസ് സീരീസിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു.