ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തെ രൂക്ഷമായഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യൻ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ ക്ഷണിക്കാത്തതിലാണ് വിമർശനം. സിനിമതാരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച ബി.ജെ.പി രാഷ്ട്രപതിയെ ഒഴിവാക്കിയെന്ന് ഖാർഗെ പറഞ്ഞു.
ഇത് രാഷ്ട്രപതിക്ക് നേരിട്ട അപമാനമാണ്. കോൺഗ്രസിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ബി.ജെ.പി ഇത്തരത്തിൽ എല്ലാ വിഭാഗം ജനങ്ങളേയും പാർട്ടിയിലേക്ക് ക്ഷണിക്കാറില്ലെന്ന് ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഖാർഗെ വിമർശനം ഉന്നയിച്ചത്.
പാർലമെന്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്നതിലും ഖാർഗെ വിമർശനം ഉന്നയിച്ചു. കോവിന്ദിനോട് തൊട്ടുകൂടായ്മയുള്ളതിനാലാണ് പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്ന് ഖാർഗെ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടുകൾ നേടാനുള്ള ഒരു തന്ത്രം മാത്രമാണ് ബി.ജെ.പിയുടെ വനിത സംവരണ ബില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഖാർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് രാജസ്ഥാനിലെ പുതിയ പാർട്ടി ഓഫീസിന് തറക്കല്ലിട്ടിരുന്നു. ജയ്പൂരിലെ മാനസരോവർ മേഖലയിലാണ് കോൺഗ്രസ് പുതിയ പാർട്ടി ഓഫീസ് പണിയുന്നത്.