കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണ പുരോഗതി റിപ്പോര്‍ടിനൊപ്പം വിസ്താര നടപടികള്‍ ദീര്‍ഘിപ്പിക്കാന്‍ വിചാരണക്കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കലുളള ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടി. മൂന്ന് ദിവസമായി 33 മണിക്കൂര്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ആണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഇതൊടൊപ്പം ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സാവകാശം ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസ് ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. അതുവരെ ആറ് പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗൂഢാലോചന കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അത് കണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്നും സ്വന്തം നിലയില്‍ സൈബര്‍ പരിശോധന നടത്തി ഫലം കോടതിയ്ക്ക് കൈമാറാമെന്നും ദിലീപ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളടക്കം ഹൈക്കോടതിയ്ക്ക കൈമാറിയ റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ ഹാജരാക്കുമെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണ നീട്ടണമെന്ന ആവശ്യം കോടതിയില്‍ വീണ്ടും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. നിലവില്‍ അധിക സാക്ഷി വിസ്താരത്തിനാണ് ഹൈക്കോടതി പത്ത് ദിവസംകൂടി അനുവദിച്ചിട്ടുള്ളത്. വിചാരണ നീട്ടണോ എന്ന കാര്യത്തില്‍ പ്രത്യേക കോടതിയാണ് തീരുമാനമെടുക്കണ്ടത്.