കൊച്ചി : നടിയെ അക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോൺ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റിക്കോർഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകൾ അടങ്ങിയ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും.
സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20 ന് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി നിർദ്ദേശം. വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കുന്നതിനായി കോടതി ഈ മാസം 20 ലേക്ക് മാറ്റി.
ബാലചന്ദ്ര കുമാറിനെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിൽ സമഗ്ര തുടരന്വേഷണം ആവശ്യമാണെന്നും അതിനാൽ നിലവിൽ നടക്കുന്ന വിചാരണകൾ നിർത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ വിചാരണ തുടരണമെന്ന് നടൻ ദിലീപിന്റെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് ജനുവരി 20 ലേക്ക് മാറ്റിയത്.
കേസിൽ പ്രോസിക്യൂഷനു വേണ്ടി ആരും ഇന്ന് എറണാകുളത്തെ പ്രത്യേക കോടതിയിൽ ഹാജരായില്ല. സാക്ഷികളും കോടതിയിൽ എത്തിയില്ല. നിലവിലുള്ള പ്രോസിക്യൂട്ടർ രാജിവച്ച സാഹചര്യത്തിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള സാവകാശം കോടതി ജനുവരി 20 വരെ നൽകി. സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കിൽ അസിസ്റ്റൻറ് പ്രോസിക്യൂട്ടറുടെ സഹായത്തോടെ നടപടികൾ തുടരാമെന്നാണ് കോടതി വാക്കാൽ പരാമർശിച്ചത്.